അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
Friday, May 17, 2024 3:51 PM IST
തൃശൂർ: അറബിക് പൂജയുടെ മറവിൽ യുവതിയെ മയക്കി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഒറ്റപ്പാലം എസ്ആർകെ നഗറിൽ പാലക്കപറമ്പിൽ യൂസഫലിയെ(45)യാണ് തൃശൂർ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പത്തിരിപ്പാല ഗവ. സ്കൂളിനടുത്തു താമസിക്കുന്ന യൂസഫലി പഴുവിലിലാണു സ്ഥാപനം നടത്തുന്നത്. ഇവിടെ ദോഷം മാറ്റാനുള്ള പൂജക്കെത്തിയ തൃശൂർ സ്വദേശിനിയാണു പീഡനത്തിനിരയായത്. ദോഷം മാറുമെന്നു ധരിപ്പിച്ച് എന്തോ പൊടി യുവതിക്കു മണപ്പിക്കാൻ കൊടുത്തു. ഇതോടെ യുവതി മയക്കത്തിലായി. ഈ തക്കത്തിന് ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അറബിക് പൂജ നടത്താൻ നിരവധി പേരാണു സ്ഥാപനത്തിൽ ദിവസവും വന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.