സ്പെഷൽ ട്രെയിനുകൾ ഒരു മാസം കൂടി നീട്ടി
Tuesday, May 28, 2024 4:13 PM IST
കൊല്ലം: വിവിധ സമ്മർ സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഒരു മാസം കൂടി ദീർഘിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജംഗ്ഷൻ-താംബരം പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ (06012) ജൂൺ 30 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും.
താംബരം-നാഗർകോവിൽ ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ (06011) ജൂലൈ ഒന്നു വരെയുള്ള തിങ്കളാഴ്ചകളിലും ഓടും. ചെന്നൈ സെൻട്രൽ കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്നുവരെ ബുധനാഴ്ചകളിലും തിരികെയുള്ള കൊച്ചുവേളി-ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് ജൂലൈ നാലു വരെ വ്യാഴാഴ്ചകളിലും സർവീസ് നടത്തും.
അതേസമയം ബംഗളൂരൂ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി-ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളിൽ ഒരു ഏസി എക്കന്നോമി കോച്ചും അധികമായി അനുവദിച്ചിട്ടുണ്ട്.
യശ്വന്ത്പുർ-കൊച്ചുവേളി എക്സ്പ്രസിൽ ഒരു ഏസി ടൂടയർ കോച്ചും ബംഗളുരു-കണ്ണൂർ എക്സ്പ്രസിൽ ഒരു ഏസി ത്രീ ടയർ കോച്ചും അധികമായി അനുവദിച്ചിട്ടുള്ളതായും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.