ജാമ്യം നീട്ടില്ല, ജയിലിലേക്ക് മടങ്ങണം; കേജരിവാളിന് സുപ്രീം കോടതിയിൽ തിരിച്ചടി
Wednesday, May 29, 2024 11:50 AM IST
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം ഏഴുദിവസത്തേക്ക് നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. അറസ്റ്റിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി രജിസ്ട്രാര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ കേജരിവാള്‍ ജൂണ്‍ രണ്ടിന് കീഴടങ്ങണം. നേരത്തെ, സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ സമയം നീട്ടി നല്‍കണമെന്നായിരുന്നു കേജരിവാളിന്റെ ആവശ്യം. ഹര്‍ജി ഇന്നുതന്നെ അടിയന്തരമായി കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിംഗ്വി കേജരിവാളിനായി കോടതിയില്‍ അഭ്യർഥിച്ചിരുന്നു. എന്നാല്‍ സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഈ ഹര്‍ജി നിലനിര്‍ത്താനാകില്ലെന്നും രജിസ്ട്രി വ്യക്തമാക്കി.
മദ്യനയക്കേസില്‍ ആകെ 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി കേജരിവാളിന് അനുവദിച്ചത്. ഏഴാംഘട്ട പോളിംഗ് അവസാനിക്കുന്ന ജൂണ്‍ ഒന്നുവരെയാണത്. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി കേജരിവാളിന് ജാമ്യം നല്‍കിയത്.