മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതിയുടെ സന്ദർശനം ഇന്ന് തുടങ്ങും
Thursday, June 13, 2024 9:36 AM IST
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിംകോടതി നിയോഗിച്ച മേൽനോട്ട സമിതി നടത്തുന്ന പരിശോധന ഇന്ന് തുടങ്ങും. രണ്ട് ദിവസങ്ങളിലായാണ് അഞ്ചംഗ സമിതിയുടെ സന്ദർശനം. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് നടപടി.
കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ കശ്യപ് അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നുള്ള ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്,ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. 2023 മാർച്ചിലാണ് സമിതി അവസാനമായി പരിശോധന നടത്തിയത്.
അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് വനമേഖലയിലൂടെയുള്ള റോഡിന്റെ അവസ്ഥയും സംഘം പരിശോധിക്കും. പരിശോധനക്ക് ശേഷം സംഘം കുമളിയിൽ യോഗം ചേരും.
നിലവിലുള്ള അണക്കെട്ട് നിലനിർത്തിക്കൊണ്ട് പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി സമിതിയെ ബോധ്യപ്പെടുത്താനാകും കേരളത്തിന്റെ ശ്രമം. ഇതിനെതിരെ തമിഴ്നാട് പ്രതിനിധികൾ സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനായി പഠനം നടത്താനുള്ള കേരളത്തിന്റെ നിർദേശം കേന്ദ്ര സർക്കാർ ചർച്ച ചെയ്യാൻ പരിഗണിച്ചതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.