നെതർലൻഡിനെതിരെ ബംഗ്ലാദേശിന് ജയം
Friday, June 14, 2024 12:00 AM IST
കിംഗ്സ്ടൗണ്‍: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ഡിയിൽ നെതർലൻഡിനെതിരെ ബംഗ്ലാദേശിന് ജയം. 25 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റണ്‍സെടുത്തു. ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്റെ അർധ സെഞ്ചുറിയാണ് ബംഗ്ലാദേശിന് കരുത്തായത്.
ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോ (1), ലിട്ടണ്‍ ദാസ് (1) എന്നിവരെ ബംഗ്ലാദേശിനു തുടക്കത്തിലേ നഷ്ടമായി. പിന്നീട് തൻസിദ് ഹസൻ (35), മഹ്മദുള്ള (25) എന്നിവരെ കൂട്ടുപിടിച്ചാണ് ഷാക്കിബ് ഇന്നിംഗ് പടുത്തുയർത്തത്.
46 പന്തുകൾ നേരിട്ട ഷാക്കിബ് ഒന്‍പത് ഫോറുകളുടെ അകന്പടിയോടെ 64 റണ്‍സോടെ പുറത്താകാതെ നിന്നു. നെതർലൻഡിനായി ആര്യൻ ദത്തും മീകെരെനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നെതർലൻഡിനായി 22 പന്തിൽ 33 റണ്‍സെടുത്ത സിബ്രാൻഡ് എംഗൽബ്രെക്റ്റാണ് ടോപ്സ്കോറർ. വിക്രംജിത് സിംഗ് 26 റണ്‍സും സ്കോട്ട് എഡ്വേർഡ്സ് 25 റണ്‍സും നേടി. മറ്റാർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല.
ബംഗ്ലാദേശിനായി റിഷാദ് ഹൊസൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. തസ്കിൻ അഹമ്മദ് രണ്ട് വിക്കറ്റും നേടി.