മുഖ്യമന്ത്രി വിവരംകെട്ടവൻ; കോൺഗ്രസ് ആരെയും ബോംബെറിഞ്ഞ് കൊന്നിട്ടില്ലെന്ന് കെ. സുധാകരൻ
Wednesday, June 19, 2024 7:24 PM IST
തിരുവനന്തപുരം: എരഞ്ഞോളി സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്ന് വിശേഷിപ്പിച്ചാണ് സുധാകരൻ സംസാരിച്ചത്.
മുഖ്യമന്ത്രി വിവരംകെട്ടവനാണ്. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോ. അവൻ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ചുകൊന്ന ആൾ എത്രയെന്നും സുധാകരൻ ചോദിച്ചു. സ്കൂളിൽ പഠിക്കുന്ന കാലം മതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ എന്ന് സുധാകരൻ പറഞ്ഞു.
സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് വൃദ്ധനല്ലേ കൊല്ലപ്പെട്ടത് എന്ന പരാമർശത്തിലൂടെ ഉദ്ദേശിച്ചത്. ഡിസിസി ഓഫീസിൽ ബോംബ് പ്രദർശിപ്പിച്ചിട്ടില്ല. കോൺഗ്രസ് ആരെയും ബോംബെറിഞ്ഞ് കൊന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എരഞ്ഞോളി സ്ഫോടനത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരുന്നു. സ്ഫോടനത്തിൽ മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് സുധാകരന്റെ പരാമർശം. ബോംബ് ഇനിയും പൊട്ടുനുണ്ട്. എന്നിട്ട് പറയാമെന്നും സുധാകരൻ പ്രതികരിച്ചു.
കണ്ണൂര് എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽനിന്നു തേങ്ങ പെറുക്കുന്നതിനിടെ പറമ്പിൽനിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലിൽ ഇടിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വേലായുധന്റെ മുഖവും കൈകളും ചിന്നിച്ചിതറി. പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണു സ്ഫോടനമുണ്ടായത്.