പിണറായി പൂര്‍ണ സംഘിയായി, ഷംസീറിന്റേത് മാതൃകാപരമായ നിലപാട്: കെ. മുരളീധരന്
Saturday, July 13, 2024 11:18 AM IST
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനവേളയില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് പരാമര്ശിക്കാഞ്ഞതില് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടിയാണെന്നും എത്ര മായ്ക്കാന്‍ ശ്രമിച്ചാലും ക്രെഡിറ്റ് അദ്ദേഹത്തിനുതന്നെ എന്നും മുരളീധരന് പറഞ്ഞു.
പിണറായി വിജയന് പൂര്‍ണസംഘിയായി മാറി. അതിനാലാണ് ബിജെപി മന്ത്രിയുടെ സാന്നിധ്യത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ വിമര്‍ശിച്ചത്. പാര്‍ട്ടി വോട്ടുകള്‍ ബിജെപി വിഴുങ്ങുന്നു എന്ന് സിതാറാം യെച്ചൂരിയും എം.വി. ഗോവിന്ദനും ചൂണ്ടിക്കാട്ടുമ്പോഴും അത്തരം ആശങ്ക പിണറായിക്കില്ലെന്നും മുരളീധരന് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് പിണറായി വിജയന് ഒന്നും പഠിച്ചിട്ടില്ലെന്നും അദ്ദേഹം ഓര്മിപ്പിച്ചൂ.
അതേ സമയം, സ്പീക്കര്‍ എ. എന്‍. ഷംസീറിന്റേത് മാതൃകാപരമായ നിലപാടാണെന്ന് മുരളീധരന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയെ സ്മരിച്ച ഷംസീറിന്റെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഷംസീര്‍ എടുത്തു പറഞ്ഞത് മാതൃകാപരമാണെന്ന് മുരളീധരന് പറഞ്ഞു.