ട്രംപിനെതിരായ വധശ്രമം; ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, July 14, 2024 9:05 AM IST
ന്യൂഡൽഹി: രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തിൽ ആശങ്ക പങ്കുവയ്ക്കുകയായിരുന്നു മോദി.
"എന്റെ സുഹൃത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ.'- പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻസിൽവാനിയയിൽ ഒരു പ്രചാരണ റാലിക്കിടെയായിരുന്നു ട്രംപിനു നേരെ വധശ്രമമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ട്രംപിനു നേരെ അക്രമി വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ വലതു ചെവിയിൽ പരിക്കേറ്റു. ട്രംപിന്റെ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.