കെഎസ്ഇബി ജീവനക്കാരുടെ മോശം പെരുമാറ്റം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ബിജു പ്രഭാകർ
Monday, July 22, 2024 10:04 AM IST
തിരുവനന്തപുരം: അയിരൂരിൽ കെഎസ്ഇബി ജീവനക്കാര്‍ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കെഎസ്ഇബി എംഡി ബിജു പ്രഭാകർ. കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിനാണ് ബിജു പ്രഭാകര്‍ ഉത്തരവിട്ടത്.
വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം അയിരുരിൽ ഞായറാഴ്ചയാണ് ജോലിക്കിടെ മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പോലീസിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാര നടപടിയുണ്ടായത്. വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് വീട്ടുടമയെ അസഭ്യം പറഞ്ഞു.
ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. വീട്ടുടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. വീട്ടുടമയെ അസഭ്യം പറഞ്ഞതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജീവനക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ വീട്ടുകാർക്കെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരും പരാതി നൽകി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ പരാതി നൽകിയത്.
പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഇതുവരെ വൈദ്യുതി തകരാർ കെഎസ്ഇബി പരിഹരിച്ചില്ലെന്നാണ് കുടുംബം ആരോപിച്ചത്. പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.