വയനാടിന് മൂന്ന് കോടി രൂപ നല്‍കും; ദുരന്തത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞെന്ന് മോഹന്‍ലാല്‍
Saturday, August 3, 2024 11:51 AM IST
വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലും കാണാന്‍ കഴിയുന്നത് സങ്കടകരമായ കാഴ്ചകളെന്ന് ലഫ്. കേണൽ മോഹന്‍ലാല്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.
ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണിത്. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടറിഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ കൂടി ഉള്‍പ്പെട്ട വിശ്വശാന്തി ഫൗണ്ടേഷന് ആദ്യഘട്ടമായി മൂന്ന് കോടി രൂപ നല്‍കും.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം കൂടുതല്‍ പണം കൊടുക്കും. മുണ്ടക്കൈയില്‍ തകര്‍ന്ന സ്കൂള്‍ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
സൈനിക വേഷത്തിലാണ് മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കാനെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി.