വയനാട് ദുരന്തം; ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് കേന്ദ്രം
Saturday, August 3, 2024 5:52 PM IST
കൽപ്പറ്റ: വയനാട്ടിലെ ഉരുൾ പൊട്ടൽ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കാണ് കേന്ദ്രം നിർദേശം നൽകിയത്.
കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തിയിട്ടുണ്ട്. പോളിസി ഉടമകളെ ബന്ധപ്പെടുവാൻ ഇൻഷുറൻസ് കമ്പനികൾ നടപടികൾ ആരംഭിച്ചു.
ജനറൽ ഇൻഷുറൻസ് കൗൺസിൽ ക്ലെയിമുകൾ തീർപ്പാക്കി വേഗത്തിൽ പണം നൽകുന്നുവെന്നും ഉറപ്പുവരുത്തും. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ ഇൻഷുറൻസ്, ഓറിയെന്റൽ ഇൻഷൂറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസ് അടക്കം കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്.