ഉരുൾപൊട്ടൽ ബാധിച്ചവരിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല: മന്ത്രി കൃഷ്ണന്‍കുട്ടി
Tuesday, August 6, 2024 10:05 PM IST
വയനാട്: ഉരുൾപൊട്ടലുണ്ടായ മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി ഉണ്ടാകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതില്‍ 385ഓളം വീടുകള്‍ പൂർണമായും തകര്‍ന്നു പോയതായി കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ. നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ മേഖലകളിലെ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കാണ് അടുത്ത രണ്ടു മാസം വൈദ്യുതി സൗജന്യമായി നൽകുന്നത്.