വെള്ളി മെഡൽ നൽകണം; വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചു
Thursday, August 8, 2024 12:02 AM IST
പാരീസ്: അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചു. കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് പുറത്തുവരും. ഉത്തരവ് വിനേഷിന് അനുകൂലമാണെങ്കിൽ വെള്ളി മെഡൽ പങ്കിടും.
മറ്റെല്ലാ മത്സരങ്ങളിലും ഭാര പരിശോധനയിൽ വിജയിച്ചതിനാൽ തനിക്ക് വെള്ളി മെഡലിന് അർഹതയുണ്ടെന്നാണ് താരം വാദിക്കുന്നത്. ആദ്യ ദിവസത്തെ മുന്ന് മത്സരങ്ങളിൽ ഭാര പരിശോധനയിൽ താൻ വിജയിച്ചതാണെന്ന് വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടി.
താൻ വെള്ളി മെഡലിന് അർഹത നേടിയ സാഹചര്യത്തിൽ അയോഗ്യയാക്കുന്നത് അനീതിയാണെന്ന് വിനേഷ് പറഞ്ഞു. പാരീസ് ഒളിന്പിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചിരുന്നു.
രണ്ടാം ദിവസത്തെ ഭാര പരിശോധനയിലാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. 100 ഗ്രാം ഭാരം അധികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനേഷിനെ അയോഗ്യയാക്കിയത്.