2025 കേരള സഭ ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി
Saturday, August 10, 2024 2:37 PM IST
കൊച്ചി: 2025 കേരള സഭ ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ "ലൗദാത്തോ സി' യുടെ പത്താം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള കേരള സഭാനവീകരണത്തിന്റെയും ഭാഗമായി സഭയിൽ ഹരിതശീല പ്രയത്നങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.
2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഹരിത ചട്ടങ്ങള്‍ പാലിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തുക. ഇടവകകളും സ്ഥാപനങ്ങളും ഗ്രീന്‍ ഓഡിറ്റ് നടത്തുകയും, ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക.
എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഇടവകകളും ആഗോള സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമായ 'ലൗദാത്തോ സി ആക്ഷന്‍ പ്ലാറ്റ്ഫോമില്‍' അംഗമാകുകയും തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും ചെയ്യുക. തുടങ്ങിയവയാണ് ഹരിതശീല വര്‍ഷാചരണത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം നമ്മുടെ നാട്ടില്‍ പോലും പ്രകടമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് കേരള മെത്രാന് സമിതി കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള ആഹ്വാനം നല്‍കിയിട്ടുള്ളതെന്നും കെസിസിബി അറിയിച്ചു.