നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം: രണ്ടുപേര്‍ കസ്റ്റഡിയില്‍
Sunday, August 11, 2024 10:26 AM IST
ആലപ്പുഴ: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്.
സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ആൺസുഹൃത്തും ഇയാളുടെ സുഹൃത്തുമാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂച്ചാക്കല്‍ സ്വദേശിയായ യുവതി വീട്ടില്‍വച്ച് കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച ചില ശാരീരിക ബുദ്ധിമുട്ടുകളുമായി ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രി അധികൃതര്‍ കുഞ്ഞിന്റെ കാര്യം തിരക്കിയപ്പോള്‍ അമ്മതൊട്ടിലില്‍ ഏല്‍പ്പിച്ചു എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് വീട്ടിലുണ്ടെന്ന് പറഞ്ഞു. ഇവർ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് ചേര്‍ത്തല പോലീസില്‍ വിവരം അറിയിച്ചത്.
ഇതോടെ ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. കുഞ്ഞിന്റെ മൃതദേഹം യുവതി ആണ്‍സുഹൃത്തിനെ ഏല്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളും സുഹൃത്തും ചേര്‍ന്ന് തകഴി റെയില്‍വേ സ്റ്റെഷന് സമീപം മൃതദേഹം സംസ്കരിച്ചു.
അതേസമയം കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നോ അതോ യുവതി കൊലപ്പെടുത്തിയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. കുഞ്ഞിനെ മറവ് ചെയ്ത സ്ഥലത്ത് പോലീസ് ഉടന്‍ പരിശോധന നടത്തും.