വനിതാ ഡോക്ടറുടെ കൊലപാതകം; കേസ് സിബിഐക്ക് വിട്ടേക്കും
Monday, August 12, 2024 5:02 PM IST
കോൽക്കത്ത: ആർ.ജി.കാർ മെഡിക്കൽകോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐക്കു വിടുമെന്ന സൂചന നൽകി മമതാ ബാനർജി. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്ന് മമത അറിയിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അങ്ങേയറ്റം വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കേസിൽ ഉൾപ്പെട്ടവർ ആരായാലും ഉടൻ ശിക്ഷിക്കപ്പെടണം.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്.