പോലീസിൽ അഴിച്ചുപണി; എസ്പിമാർക്ക് സ്ഥലംമാറ്റം
Wednesday, August 14, 2024 5:13 PM IST
തിരുവനന്തപുരം: രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പോലീസ് മേധാവിമാരെയും സ്ഥലംമാറ്റി സർക്കാർ ഉത്തവിറക്കി. കോഴിക്കോട് റൂറൽ, കാസർഗോഡ്, കണ്ണൂർ റൂറൽ, കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്.
കോഴിക്കോട് പോലീസ് കമ്മീഷണര്‍ രാജ്പാല് മീണയെ കണ്ണൂരിലേക്കു മാറ്റി. കാഫിർ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കേസിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
വയനാട് ജില്ലാ പോലീസ് മേധാവി ടി.നാരായണനാണ് പുതിയ കോഴിക്കോട് കമ്മീഷണർ. തപോസ് ബസുമത്താരിയാണ് പുതിയ വയനാട് എസ്പി. കോട്ടയം എസ്പി കെ.കാര്‍ത്തിക്കിനെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ (ഹെഡ്ക്വാര്‍ട്ടേഴ്സ്) എസ്പിയായി നിയമിച്ചു. എ.ഷാഹുല്‍ ഹമീദാണ് പുതിയ കോട്ടയം എസ്പി.
ആലപ്പുഴ എസ്പി ചൈത്ര തെരേസാ ജോണിനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. എം.പി.മോഹനചന്ദ്രനാണ് ആലപ്പുഴ പുതിയ എസ്പി. എറണാകുളം ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്പി സുജിത് ദാസിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു.
ഡി.ശില്പയെ കാസര്‍ഗോഡ് എസ്പിയായി നിയമിച്ചു. തിരുവനന്തപുരം ഡിസിപി പി.നിഥിന് രാജിനെ കോഴിക്കോട് റൂറല്‍ എസ്പിയായും കോഴിക്കോട് ഡിസിപി അനുജ് പലിവാളിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചു. ബി.വി.വിജയ് ഭാരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം ഡിസിപി.
തിരുവനന്തപുരത്തും, കൊച്ചിയിലും ഐപിഎസ് റാങ്കിലുള്ള രണ്ട് എസ്പിമാരെ ഡെപ്യൂട്ടി കമ്മീഷണർമാരാക്കി. സംസ്ഥാനത്ത് 70 ലധികം എസ്പിമാർ വന്ന സാഹചര്യത്തിലാണ് പുതിയ തസ്തികള്‍ സൃഷ്ടിച്ച് ജൂണിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത്.