മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: ദ്രൗപതി മുർമു
Wednesday, August 14, 2024 8:06 PM IST
ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണ്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. ഒളിമ്പിക്സിലും ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നുവെന്നും ദ്രൗപതി മുർമു പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചു.
രാജ്യത്തെ പുതിയ ക്രിമിനൽ നിമയങ്ങൾ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ബഹുമാനസൂചകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.