രാജ്യത്തിനാവശ്യം മതേതര സിവില്‍കോഡ്; നടപ്പാക്കേണ്ടത് നമ്മുടെ കടമ: നരേന്ദ്ര മോദി
Thursday, August 15, 2024 12:07 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എങ്കില്‍ മാത്രമേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്ന് നമുക്ക് മുക്തരാവാനാകൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിലവിലെ, സിവിൽ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് തോന്നുന്നു. 75 വര്‍ഷക്കാലമായി നമ്മള് ഇതുമായാണ് ജീവിക്കുന്നത്. അതിനാൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനാ നിർമാതാക്കളുടെ സ്വപ്നമായിരുന്നു ഇത്. സുപ്രീംകോടതിയും ഭരണഘടനയും ഇതേകാര്യം തന്നെ നമ്മോട് പറയുന്നു. അത് നിറവേറ്റേണ്ടത് ഞങ്ങളുടെ കടമയാണ്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
രാവിലെ രാജ്ഘട്ടിൽ എത്തി ആദരം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയത്. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം വിശിഷ്ടാതിഥികളായി പങ്കെടുത്തു. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും.
വികസിത ഭാരതം 2047 എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ തീം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കാഷ്മീരിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾ കൂടി കണക്കിലെടുത്താണ് സ്വാതന്ത്ര്യ ദിനത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.