സംസ്ഥാനത്ത് ഇന്നുകൂടി തീവ്ര മഴയ്ക്കു സാധ്യത
Tuesday, August 20, 2024 5:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നുകൂടി തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ മേഖലയുടെ സ്വാധീനവും അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ പാത്തിയുമാണ് കേരളത്തിൽ തീവ്ര മഴയ്ക്കുള്ള സാധ്യത കൂട്ടിയത്.
എന്നാൽ കഴിഞ്ഞ ദിവസത്തോടെ കാലവർഷക്കാറ്റിന്റെ ശക്തി കുറഞ്ഞതായും രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്ര മഴ സാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർന്നുള്ള മൂന്നു ദിവസം സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.