കോണ്‍ഗ്രസിലെ ചുമതലകള്‍ രാജിവച്ച് വി.എസ്.ചന്ദ്രശേഖരന്
Wednesday, August 28, 2024 9:50 PM IST
കൊച്ചി: യുവനടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന് വി.എസ് ചന്ദ്രശേഖരന് പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു.
കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്മാന് സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.
നടി ഉന്നയിച്ച ആരോപണം കളവാണെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്. താരത്തിനൊപ്പം ഒരിക്കല്‍ പോലും ഒന്നിച്ച് കാറില്‍ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതു ജീവിതവും പ്രഫഷണല്‍ ജീവിതവും അവസാനിപ്പിക്കുമെന്നുമാണ് പ്രതികരിച്ചത്.