തമിഴിലും ഹേമ കമ്മിറ്റി മാതൃകയിൽ ഒരുക്കങ്ങൾ തുടങ്ങി; മുകേഷ് വിഷയം രാഷ്ട്രീയവത്കരിക്കാനില്ലെന്ന് ഖുശ്ബു
Sunday, September 1, 2024 3:25 PM IST
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. തമിഴിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതിക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു.
എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ വൈകിയത്. ഇത് പുറത്തുവന്നതോടെ പല പുരുഷന്മാരുടെയും ഉറക്കം നഷ്ടമായി. മുകേഷുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയവത്കരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പ്രശംസിച്ച് നടി സാമന്തയും രംഗത്തെത്തി. തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് നടി സാമന്ത വ്യക്തമാക്കി. ഇതിന് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയെ അഭിനന്ദിക്കുന്നുവെന്നും സാമന്ത പറഞ്ഞു.
തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഇക്കാര്യം തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും നടി വ്യക്തമാക്കി.