ട്രിവാൻഡ്രം റോയൽസിനെ തകർത്തു; ആലപ്പിക്ക് രണ്ടാം വിജയം
Tuesday, September 3, 2024 11:43 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് തുടർച്ചയായ രണ്ടാം വിജയം. ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് പരാജയപ്പെടുത്തിയാണ് ആലപ്പി തങ്ങളുടെ ജൈത്ര യാത്ര തുടരുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആലപ്പി നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് നേടിയത്. ഓപ്പണർമാരായ കൃഷ്ണപ്രസാദും (23 പന്തിൽ 23), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (19 പന്തിൽ 28) മികച്ച തുടക്കമാണ് ആലപ്പിക്ക് നൽകിയത്.
ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി അഖിന് സത്താറും എം.യു.ഹരികൃഷ്ണനും രണ്ടു വിക്കറ്റ് വീതം നേടി. 146 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ട്രിവാൻഡ്രം റോയൽസ് 18.1 ഓവറില്‍ 112 റൺസിനു എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ 14/4 എന്ന നിലയിലേക്ക് റോയൽസ് വീണിരുന്നു.
തുടർന്ന് ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് (31 പന്തിൽ 45), ഗോവിന്ദ് പൈ (15 പന്തിൽ 13), എം.എസ്.അഖിൽ (36 പന്തിൽ 38) എന്നിവരുടെ രക്ഷാപ്രവർത്തനമാണ് ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
മൂവരും പുറത്തായതോടെ ട്രിവാൻഡ്രത്തിന്റെ പോരാട്ടവും അവസാനിച്ചു. ആലപ്പിക്കായി ഫാസിൽ ഫനൂസ്, ആനന്ദ് ജോസഫ് എന്നിവർ നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. ഫായിസല്‍ ഫാനൂസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.