അൻവറിന്റെ മൊഴിയെടുക്കും; വസ്തുനിഷ്ഠമായി എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപി
Wednesday, September 4, 2024 7:47 PM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു.
ഡിജിപി വിളിച്ചുചേർത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടമായാണ് പ്രത്യേക യോഗം ചേർന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ വിശദമായിത്തന്നെ ഉന്നതതല യോഗം ചർച്ചചെയ്തു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും രേഖപ്പെടുത്താൻ ഡിജിപി യോഗത്തിൽ നിർദേശിച്ചു.
ഭാവിയിൽ ആക്ഷേപം ഉണ്ടാകാത്ത തരത്തിൽ ആയിരിക്കണം അന്വേഷണമെന്ന് ഡിജിപി യോഗത്തിൽ പറഞ്ഞു. നിരവധി ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ ഏതൊക്കെ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഏതൊക്കെ കാര്യങ്ങൾ അന്വേഷിക്കും എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം അറിയിക്കും എന്ന് ഡിജിപി ഇന്നത്തെ യോഗത്തിൽ വ്യക്തമാക്കി.