തമിഴ് സിനിമയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി നിലവില്‍ വന്നു
Wednesday, September 4, 2024 9:58 PM IST
ചെന്നൈ: കോളിവുഡിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി നിലവില്‍ വന്നു. സിനമാ മേഖലയിലുള്ള സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള സ്ഥിരം കമ്മിറ്റി എന്ന നിലയിലാണ് കമ്മിറ്റി രൂപീകരിച്ചത്. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘമാണ് കമ്മിറ്റി രൂപീകരിച്ചത്.
വാര്‍ത്താക്കുറിപ്പിലൂടെയാണ് നടികര്‍ സംഘം ഇക്കാര്യം അറിയിച്ചത്. പരാതികള്‍ അറിയിക്കാന്‍ ഇ മെയിലും ഫോണ്‍ നമ്പറും തയ്യാറാക്കി.
ആരോപണം തെളിയിക്കപ്പെട്ടാല്‍ പ്രതി നിയമനടപടികള്‍ നേരിടുന്നതിനൊപ്പം അഞ്ച് വര്‍ഷം വരെ സിനിമയില്‍ വിലക്കും നേരിടണം. അതിജീവിതര്‍ക്ക് നിയമസഹായവും കമ്മിറ്റി ഉറപ്പാക്കും. മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സമാനമായ കമ്മിറ്റി കോളിവുഡിലും വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
പത്ത് പേരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ നടപടി ആരംഭിച്ചെന്നും അധികം വൈകാതെ ഇത് നിലവില്‍ വരുമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചിരുന്നു. അഭിനയിക്കുന്നതിന് അവസരം തേടിയെത്തുന്ന സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വിശാൽ പറഞ്ഞിരുന്നു.
ആരെങ്കിലും മോശമായി പെരുമാറിയാല്‍ ചെരുപ്പൂരി അടിക്കണമെന്നും വിശാൽ പ്രതികരിച്ചിരുന്നു.