ഇ.പി. ഇടഞ്ഞുതന്നെ; ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽനിന്ന് വിട്ടുനിന്നു; ചികിത്സയിലെന്ന് വിശദീകരണം
Monday, September 9, 2024 12:04 PM IST
കണ്ണൂർ: പയ്യാന്പലത്ത് ഇന്നു രാവിലെ നടന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.
കണ്ണൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പോളിറ്റ് ബ്യൂറോ മെംബര്‍ എ. വിജയരാഘവനൊപ്പം ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പരിപാടി നടന്നത്. ഇപിയുടെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയും പങ്കെടുത്തില്ല.
അതേസമയം, വീട്ടിൽ ആയുർവേദ ചികിത്സയിലായതിനാലാണ് ഇ.പി.പങ്കെടുക്കാത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം ഇ.പി. കടുത്ത അതൃപ്തിയിലാണ്. അതിനുശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇപി തയാറായിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. ടി.പി. രാമകൃഷ്ണനാണ് പകരം ചുമതല.
ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ട് ചിലർ ഒന്നും ലഭിച്ചില്ലെന്ന് കരുതുന്നുവെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അനുസ്മരണചടങ്ങിൽ പറഞ്ഞു. പാർട്ടിയെ ചാഞ്ചാട്ടമില്ലാതെ നയിച്ച നേതാവായിരുന്നു ചടയൻ ഗോവിന്ദനെന്നും വിജയരാഘവൻ പറഞ്ഞു.
പരിപാടിയിൽ കെ.പി. സഹദേവൻ അധ്യക്ഷനായി. എം.വി. ജയരാജൻ സ്വാഗതം പറഞ്ഞു. ചടയൻ അനുസമരണ സമ്മേളനത്തിന് മുൻപായി എം.വി. നികേഷ് കുമാർ, ടി.വി. രാജേഷ്, എൻ. ചന്ദ്രൻ, കെ.സി. ഹരികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.