പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: രാം ദാസ് അത്താവാലേ
Saturday, September 14, 2024 5:05 AM IST
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേരു മാറ്റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ. പോർട്ട് ബ്ലെയർ എന്ന പേര് ശ്രീ വിജയപുരം എന്നാക്കിയാണ് മാറ്റിയത്. കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.
"പോര്‍ട്ട് ബ്ലെയർ എന്ന പേര് കോളോണിയൽ കാലത്തെ സ്മരിക്കുന്നതാണ്. പുതിയ പേര് ഭാരതീയ സംസ്കാരവുമായി ബന്ധപ്പെട്ടുള്ളതാണ്. മാത്രവുമല്ല സ്വാതന്ത്ര്യ സമരസേനാനികൾക്ക് നൽകുന്ന അംഗീകാരവും കൂടിയാണ്. അതുകൊണ്ട് തന്നെ പേര് മാറ്റിയ ആഭ്യന്തര മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.'- കേന്ദ്രമന്ത്രി പറഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനി നേവി ഓഫീസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാന നഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്.സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് നിർണായക സ്ഥാനമുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാകയുടെ ആദ്യ അനാവരണം നടത്തിയതും സെല്ലുലാര്‍ ജയിലും ഇവിടെയാണെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു.