കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് 28 വയസ്
എസ്.ആർ.സുധീർ കുമാർ
Tuesday, September 17, 2024 3:10 PM IST
കൊല്ലം: മലയാള സാഹിത്യവും മൊബൈൽ ഫോണുമായി എന്തങ്കിലും ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ അതെ എന്ന് എന്നു തന്നെ ഉത്തരം. രണ്ടും തമ്മിൽ ബന്ധമുണ്ടെങ്കിലും സംഗതി എന്താണെന്നു പലർക്കും ഇപ്പോഴും മനസിലായിട്ടുണ്ടാകില്ല.
ഇന്ന് എല്ലാവരുടെയും കൈകളിൽ സർവ വിജ്ഞാനശേഖരവുമായി മാറിയ മൊബൈൽ ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധം വളരെ വലുതാണ്. ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയും ഒരേയൊരു ആലപ്പുഴക്കാരനുമാണു തകഴി ശിവശങ്കരപ്പിള്ള. കയർ, ഏണിപ്പടികൾ, രണ്ടിടങ്ങഴി തുടങ്ങിയ കുട്ടനാടിന്റെ മണമുള്ള കഥകൾ പറഞ്ഞ വിശ്വസാഹിത്യകാരൻ മരിക്കുമ്പോൾ, ഇന്ന് എല്ലാവരുടെയും കൈവശമുള്ള മൊബൈൽ ഫോണുകൾ കേരളത്തിൽ പ്രചാരത്തിലായിത്തുടങ്ങിയിരുന്നില്ല.
പക്ഷേ, കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു സംസാരിച്ചതാരെന്നു ചോദിച്ചാൽ അതിന് ഒരുത്തരം മാത്രം - സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള. 1996 സെപ്റ്റംബർ 17-നാണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ വിളിയെത്തിയത്.
കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ എന്ന സ്വകാര്യ കമ്പനി ആണ്. എസ്കോടെലിന്റെ മൊബൈൽ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതു തകഴി ശിവശങ്കരപ്പിള്ളയാണ്. ദക്ഷിണ മേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനുമായി സംസാരിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന്, കഥാകാരി മാധവിക്കുട്ടിയുമായും (കമലാ സുരയ്യ) ടാൻഡൻ മൊബൈലിൽ സംസാരിച്ചു.
ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പിന്റെയും ഹോഗോംഗിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായിരുന്നു എസ്കോടെൽ. ആദ്യ മൂന്നാഴ്ചയിൽ ആയിരത്തോളം മൊബൈൽ ഫോണുകളാണു ബുക്ക് ചെയ്യപ്പെട്ടത്. ഇന്ന് മൊബൈൽ വരിക്കാരുടെ എണ്ണം അനുദിനം പെരുകുകയാണ്.