പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Wednesday, September 18, 2024 3:34 PM IST
കണ്ണൂർ: പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. കഴിഞ്ഞ രാത്രി 10.45 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫ്രിഡ്ജ് ഉൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന മുകൾനിലയിലാണ് തീപിടിത്തം ഉണ്ടായത്.
രണ്ടാം നിലയിൽനിന്നു പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടവരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഇതേത്തുടർന്ന് പയ്യന്നൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്.
മുകൾ നിലയിലെ ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കുകയെന്നത് ദുഷ്കരമായതിനാൽ പെരിങ്ങോം, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകളെക്കൂടി വിളിച്ചുവരുത്തി. സേനാബലമുണ്ടായിട്ടും അകത്തുകൂടി മുകൾ നിലയിലെ തീയണക്കാൻ എത്താനായില്ല.
കഠിനമായ ചൂടും പുകയും രക്ഷാപ്രവർത്തനത്തിന് തടസമായി. ഒടുവിൽ റോഡരികിൽനിന്ന് മുകൾ നിലയിലേക്ക് ഏണിവെച്ച് കയറി മുൻ ഭാഗത്തെ ഗ്ലാസ് തകർത്ത് അതിലൂടെ വെള്ളം ചീറ്റിച്ചാണ് തീയണക്കാനുള്ള ശ്രമമാരംഭിച്ചത്. അതേസമയം മറ്റൊരു കൂട്ടർ അകത്തു കൂടിയും മുകളിലെത്തി തീയണക്കാനരംഭിച്ചിരുന്നു.
കടുത്ത ചൂടിൽ ഫ്രിഡ്ജുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടസാധ്യത കണക്കിലെടുത്ത് കെഎസ്ഇബി അധികൃതർ ഫീഡർ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
ജില്ലാ ഫയർ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളാണ് സാഹസികമായ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. പുലർച്ചെ രണ്ടോടെയാണ് പൂർണമായും തീയണച്ചത്. തീയണക്കുന്നതോടൊപ്പം തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കു തീപടരാതിരിക്കാൻ വേണ്ട മുൻകരുതലുകളും അഗ്നിരക്ഷാംഗങ്ങൾ എടുത്തിരുന്നു.
ലക്ഷങ്ങളുടെ നഷ്ടം
ഓണം സീസണായതിനാൽ മുകൾ നിലയിൽ കൂടുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഇതിലൂടെയുണ്ടായ നഷ്ടങ്ങളുടെ കണക്കുകൾ എത്രയെന്നറിയാൻ ഇനിയും താമസമുണ്ട്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. 2020 മാർച്ച് 20 നും ഈ സ്ഥാപനത്തിന്റെ അടുക്കള, മെസ് എന്നിവ പ്രവർത്തിച്ചിരുന്ന ഏറ്റവും മുകൾ നിലയിൽ തീപിടിത്തമുണ്ടായിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്.