മലപ്പുറത്ത് മധ്യവയസ്കനിൽ നിന്ന് വൻ തുക തട്ടിയെടുത്ത അഞ്ച് പേർ പിടിയിൽ
Saturday, September 21, 2024 5:35 AM IST
മലപ്പുറം: അരീക്കോട് 15 വയസുകാരനെ ഉപയോഗിച്ച് മധ്യവയസ്കനിൽ നിന്ന് വൻ തുക തട്ടിയെടുത്ത സംഘം പിടിയിൽ. അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരും സംഘത്തിലുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് തമ്മിൽ കാണാം എന്ന് തീരുമാനിച്ചു. മധ്യവയസ്ക്കൻ അരീക്കോട് എത്തിയ സമയത്ത് പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരാതിക്കാരന്റെ മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതിൽ 40000 രൂപ പരാതിക്കാരൻ സംഘത്തിന് കൈമാറി.
എന്നാൽ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തന്ത്രപരമായി പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു. ഇവർ സമാനമായ രീതിയിൽ ഇതിനുമുമ്പും ഹണി ട്രാപ്പിലൂടെ പണം തട്ടിയിട്ടുണ്ട് എന്നാണ് സൂചന.