കൊടുങ്കാറ്റായി സ്റ്റാർക്ക്, വാലറ്റത്ത് പൊരുതി നിതീഷ്; അഡ്ലെയ്ഡിൽ ഇന്ത്യ 180നു പുറത്ത്
Friday, December 6, 2024 2:28 PM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 180 റൺസിനു പുറത്ത്. ആറു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മുൻനിര താരങ്ങൾ നിറംമങ്ങിയപ്പോൾ വാലറ്റത്ത് 42 റൺസുമായി പോരാട്ടം നയിച്ച യുവതാരം നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
നിതീഷിനു പുറമേ കെ.എൽ. രാഹുൽ (37), ശുഭ്മാൻ ഗിൽ (31), ഋഷഭ് പന്ത് (21), ആർ. അശ്വിൻ (22) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. അതേസമയം, യശസ്വി ജയ്സ്വാൾ (പൂജ്യം), വിരാട് കോഹ്ലി (ഏഴ്), നായകൻ രോഹിത് ശർമ (മൂന്ന്), ഹർഷിത് റാണ (പൂജ്യം), ജസ്പ്രീത് ബുംറ (പൂജ്യം) എന്നിവർക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ത്തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എല്‍. രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 69 റണ്‍സിലെത്തിച്ചു.
എന്നാൽ, 19-ാം ഓവറിൽ രാഹുലിനെ മക്സ്വീനിയുടെ കൈകളിലെത്തിച്ച് സ്റ്റാർക്ക് തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ക്രീസിലെത്തിയ സൂപ്പർതാരം വിരാട് കോഹ്ലി ഒരു ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നാലെ സ്റ്റാർക്കിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ അനാവശ്യമായി ബാറ്റ് വച്ച താരത്തെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു.
നാലു റൺസകലെ ശുഭ്മാൻ ഗില്ലിനെയും നഷ്ടമായതോടെ ഇന്ത്യ നാലിന് 81 റൺസെന്ന നിലയിലേക്ക് വീണു. സ്കോട്ട് ബോളണ്ടിനാണ് വിക്കറ്റ്. പിന്നാലെ 23 പന്തിൽ മൂന്നു റൺസെടുത്ത രോഹിത് ശർമയെയും ബോളണ്ട് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
തുടർന്ന് നിതീഷ് കുമാർ റെഡ്ഡിയെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് 22 റൺസ് കൂട്ടിച്ചേർത്തു. സ്കോർ നൂറുകടന്നതിനു പിന്നാലെ പന്തിനെ ലബുഷെയ്നിന്റെ കൈകളിലെത്തിച്ച് പാറ്റ് കമ്മിൻസ് ആ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ ക്രീസിൽ ഒന്നിച്ച നിതീഷ് കുമാർ റെഡ്ഡിയും ആർ. അശ്വിനും ചേർന്ന് മെല്ലെ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 32 റൺസിന്റെ വിലപ്പെട്ട കൂട്ടുകെട്ട് ഉയർത്തി. എന്നാൽ അവിടെയും വില്ലനായി സ്റ്റാർക്ക് എത്തി. അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി. അതേ ഓവറിൽ അക്കൗണ്ട് തുറക്കാനാകുംമുമ്പേ ഹർഷിത് റാണയെയും സ്റ്റാർക്ക് പുറത്താക്കിയതോടെ ഇന്ത്യ എട്ടിന് 141 റൺസെന്ന നിലയിലേക്ക് വീണു.
പിന്നീട് നിതീഷ് കുമാർ റെഡ്ഡിയുടെ ഒറ്റയാൾ പോരാട്ടത്തിനാണ് അഡ്ലെയ്ഡ് സാക്ഷ്യംവഹിച്ചത്. ജസ്പ്രീത് ബുംറയെ ഒരറ്റത്ത് നിർത്തി നിതീഷ് മെല്ലെ സ്കോർ ഉയർത്തി. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്ന 35 റൺസും നിതീഷിന്റെ വകയായിരുന്നു. ഒടുവിൽ ബുംറയെ കമ്മിൻസ് വീഴ്ത്തി. പിന്നാലെയെത്തിയ മുഹമ്മദ് സിറാജ് ഒരു ബൗണ്ടറിയോടെ വരവറിയിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ സ്റ്റാർക്കിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ഹെഡിനു പിടികൊടുത്തതോടെ ഇന്ത്യയുടെ പോരാട്ടം 180 റൺസിൽ അവസാനിച്ചു.
14.1 ഓവറിൽ 48 റൺസ് മാത്രം വഴങ്ങിയാണ് സ്റ്റാർക്കിന്റെ ആറുവിക്കറ്റ് നേട്ടം. പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.