"കേരളം വിടാൻ പാടില്ല, തെളിവ് നശിപ്പിക്കരുത്': ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
Friday, December 6, 2024 3:13 PM IST
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അന്വേഷണത്തോടു സഹകരിക്കണം, ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ സമീപിക്കാൻ പാടില്ല, കേസിലെ തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.
കേസിൽ രാവിലെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അജി ചന്ദ്രൻ മുൻപാകെ ഹാജരായ സിദ്ദിഖിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിൽ സുപ്രീംകോടതി നേരത്തെ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്.
അതേസമയം സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പോലീസ് കോടതിയിൽ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു. കർശന ജാമ്യവ്യവസ്ഥകൾ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.