ബ്രൂട്ടൽ ബ്രൂക്ക്! സെഞ്ചുറി വെടിക്കെട്ടിൽ കരകയറി ഇംഗ്ലണ്ട്; പിന്നാലെ തകർന്നടിഞ്ഞ് കിവീസ്
Friday, December 6, 2024 3:42 PM IST
വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 280 റൺസ് പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച കിവീസ് ആദ്യദിനം കളിനിർത്തുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്.
ഏഴു റൺസുമായി ടോം ബ്ലണ്ടലും റണ്ണൊന്നുമെടുക്കാതെ വില്യം ഒറൂർക്കെയുമാണ് ക്രീസിൽ. കെയ്ൻ വില്യംസൺ (37), ടോം ലാഥം (17), ഡെവൺ കോൺവേ (11), രചിൻ രവീന്ദ്ര (മൂന്ന്), ഡാരിൽ മിച്ചൽ (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്.
ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡൺ കഴ്സ് രണ്ടും ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 115 പന്തില്‍ 11 ബൗണ്ടറികളും അഞ്ചു സിക്സറുമുൾപ്പെടെ 123 റണ്‍സാണ് ബ്രൂക്ക് അടിച്ചുകൂട്ടിയത്. ഒല്ലി പോപ്പ് 66 റൺസെടുത്തു. അതേസമയം മറ്റു ബാറ്റർമാർക്ക് ആർക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
സാക്ക് ക്രോളി(17), ബെന്‍ ഡക്കറ്റ് (പൂജ്യം), ജേക്കബ് ബേഥല്‍ (16), ജോ റൂട്ട് (മൂന്ന്), ബെൻ സ്റ്റോക്സ് (രണ്ട്), ക്രിസ് വോക്സ് (18), ഗസ് അറ്റ്കിൻസൺ (നാല്), ബ്രൈഡൺ കഴ്സ് (ഒമ്പത്) എന്നിവർ കാര്യമായ ചെറുത്തുനില്പ് കൂടാതെ കീഴടങ്ങി.
ന്യൂസിലന്‍ഡിനായി നഥാന്‍ സ്മിത്ത് നാലും വില്യം ഒറൂർക്കെ മൂന്നും മാറ്റ് ഹെന്റി രണ്ടും വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.