കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം: യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
Friday, December 6, 2024 7:51 PM IST
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മണ്ണാറക്കയം കറിപ്ലാവ് വെട്ടിയാങ്കൽ തോമസ് മാത്യുവിന്റെ (കുറുവച്ചൻ) മകൻ ലിബിൻ തോമസ് (25) ആണ് മരിച്ചത്.
പട്ടിമറ്റം കാപ്പിത്തോട്ടത്തിൽ ഷനോയെ (21) പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി കാറിനടിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലിബിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഉച്ചകഴിഞ്ഞ് 3.45 ഓടെ ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി പേട്ട സർക്കാർ സ്കൂളിന് മുന്നിലായിരുന്നു അപകടം. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ പോയ പെട്ടിഓട്ടോറിക്ഷയിൽ ബൈക്ക് തട്ടിയ ശേഷം എതിർ ദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി.