പോലീസ് മെഡലിലെ അക്ഷരത്തെറ്റ്: നടപടി വേണമെന്ന് അന്വേഷണ റിപ്പോർട്ട്
Friday, December 6, 2024 9:19 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ അക്ഷരത്തെറ്റ് ഉണ്ടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ചു. പോലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകിയത്.
265 മെഡലുകളിൽ നൂറ്റിഅന്പതിൽപ്പരം മെഡലുകളിലും അക്ഷര തെറ്റുകൾ കണ്ടെത്തിയിരുന്നു. ഗുരുതര പിഴവാണ് സംഭവിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. മെഡൽ നിർമിക്കാൻ കരാറെടുത്ത സ്ഥാപനത്തിനും മെഡലുകൾ കൈകാര്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചുവെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ആവശ്യപെടുന്നത്.
കരാർ എടുത്ത സ്ഥാപനത്തിനെതിരെ നടപടി വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിർദേശം. ഉദ്യോഗസ്ഥർ മെഡൽ പരിശോധിച്ച് അക്ഷര തെറ്റുകൾ കണ്ടെത്തി തിരുത്തേണ്ടതായിരുന്നു. എന്നാൽ അതിന് ചുമതലപ്പെടുത്തിയവർ അലംഭാവം കാട്ടിയതും പിഴവിന് കാരണമായി.
കഴിഞ്ഞ മാസം വിശിഷ്ട സേവനത്തിന് പോലീസ് ഉദ്യോഗസ്ഥർക്കു വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി, പോലീസ് എന്നീ വാക്കുകളാണ് തെറ്റായി രേഖപ്പെടുത്തിയിരുന്നത്. പോലീസ് മെഡൽ നിർമാണത്തിന് ഒക്ടോബർ 23-നാണ് ക്വട്ടേഷൻ നൽകിയത്. 29ന് മെഡലുകൾ കൈമാറിയിരുന്നു.