രണ്ടാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
Saturday, December 7, 2024 5:53 PM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിവസത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
ഋഷഭ് പന്തും നിതീഷ് റെഡ്ഡിയും ആണ് ക്രീസിൽ. ഋഷഭ് 28 റൺസും നിതീഷ് 15 റൺസും എടുത്തിട്ടുണ്ട്. യശ്വസി ജയിസ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരാണ് പുറത്തായത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 180 റൺസ് പിന്തുടർന്ന് രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ ഓസീസ് 337 റൺസിനു പുറത്തായിരുന്നു. വെടിക്കെട്ട് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്.
141 പന്തിൽ 17 ഫോറുകളും നാലു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. അതേസമയം, ഹെഡിനു പുറമേ നഥാൻ മക്സ്വീനി (39), മാർനസ് ലബുഷെയ്ൻ (64) എന്നിവർക്കു മാത്രമേ ഓസീസ് നിരയിൽ കാര്യമായ സംഭാവന നല്കാനായുള്ളൂ.