റബർ വില വർധിപ്പിക്കാൻ കേരള കോൺഗ്രസ് മൂന്നാംഘട്ട കർഷക സമരം സംഘടിപ്പിക്കും: മോൻസ് ജോസഫ്
Friday, December 13, 2024 7:48 PM IST
കോട്ടയം: റബർ വില വർധിപ്പിക്കാൻ കേരള കോൺഗ്രസ് മൂന്നാംഘട്ട കർഷക സമരം സംഘടിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ. റബർ വില സ്ഥിരതാ ഫണ്ട് 300 രൂപയായി വർധിപ്പിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരപരിപാടികൾക്ക് സംസ്ഥാന വ്യാപകമായി ജനുവരി ആദ്യവാരം തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത കൃഷിക്കാർക്കുള്ള 250 രൂപയുടെ റബർ വില സ്ഥിരതാ പദ്ധതി എത്രയും വേഗം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മോൻ സ് ജോസഫ് ആവർത്തിച്ച് ആവശ്യപ്പെട്ടു. റബറിന്റെ വില ഉയർത്താൻ കേന്ദ്രസർക്കാർ 100 രൂപയുടെയെങ്കിലും ഇൻസെന്റീവ് അനുവദിക്കാൻ കടപ്പെട്ടവരാണെന്നും കടുത്തുരുത്തി എംഎൽഎ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് ചുരുങ്ങിയത് 300 രൂപയെങ്കിലും റബറിന് അടിസ്ഥാന വില ലഭിക്കാൻ ആത്മാർത്ഥമായ നടപടി ഭരണരംഗത്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളത്തിലെ റബർ കർഷകർക്ക് വേണ്ടി കേരള കോൺഗ്രസ് പാർട്ടി സമര പരിപാടികൾ ശക്തിപ്പെടുത്തുന്നതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
റബർ കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഒന്നാം ഘട്ടമായി കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്തേക്ക് നടത്തിയ റബർ കർഷക ലോംഗ് മാർച്ച് ആയിരക്കണക്കിന് കൃഷിക്കാരും പാർട്ടി പ്രവർത്തകരും 30 കിലോമീറ്റർ ഒറ്റ ദിവസം കാൽനട ജാഥയായി സംഘടിപ്പിച്ചത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നൽകിയ കടുത്ത മുന്നറിയിപ്പായിരുന്നുവെന്നും മോൻസ് ജോസഫ് പറഞ്ഞു.
രണ്ടാംഘട്ട സമരത്തിൽ കോട്ടയത്ത് റബ്ബർ ബോർഡിലേക്ക് കർഷക മാർച്ചും കൂട്ടധർണയും നടത്തുയെന്നും. ഇതോടനുബന്ധിച്ച് നിരവധി പ്രാദേശിക കേന്ദ്രങ്ങളിൽ കർഷക സമരവും വഞ്ചന ദിനാചരണവും നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
2025ന്റെ പുതുവത്സര തുടക്കം മുതൽ സംസ്ഥാന വ്യാപകമായി സത്യാഗ്രഹ സമരം ഉൾപ്പെടെയുള്ള അനിശ്ചിതകാല സമര പരിപാടികളാണ് കേരള കോൺഗ്രസ് സംഘടിപ്പിക്കാൻ പോകുന്നത്. സംസ്ഥാന തലത്തിലുള്ള കർഷക പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതാണെന്നും മോൻസ് അറിയിച്ചു.