ജാമ്യത്തിലുള്ള പ്രതിക്ക് വിദേശയാത്ര നടത്താൻ അനുമതി തേടാനാകില്ലെന്ന് കോടതി
Saturday, May 3, 2025 11:59 AM IST
ലക്നോ: ജാമ്യം ലഭിച്ച പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതി തേടാൻ അവകാശമില്ലെന്ന് കോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിദേശത്തുള്ള ബന്ധുവിന്റെ വിവാഹവും മറ്റൊരു രാജ്യത്തേക്കുള്ള വിനോദയാത്രയും വിചാരണത്തടവുകാരന് അന്താരാഷ്ട്ര യാത്ര നടത്തുന്നതിനുള്ള അവശ്യ കാരണങ്ങളായി കണക്കാക്കില്ലെന്ന് കോടതി പറഞ്ഞു.
ബറേലിയിലെ ശ്രീരാം മൂർത്തി സ്മാരക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കൺസൾട്ടന്റായ ആദിത്യ മൂർത്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസ് സുഭാഷ് വിദ്യാർഥിയാണ് വിധി പറഞ്ഞത്.
ബന്ധുവിന്റെ വിവാഹത്തിനായി അമേരിക്കയിലേക്കും തുടർന്ന് മേയ് മൂന്ന് മുതൽ 22 വരെ ഫ്രാൻസിലേക്കും പോകാനാണ് മൂർത്തി അനുമതി തേടിയത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ ഒരു പ്രതിക്ക് വൈദ്യചികിത്സ, അടിയന്തിര ഔദ്യോഗിക കാര്യങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകാം. എന്നാൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.