പാക്കിസ്ഥാൻ പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിരോധനം
Saturday, May 3, 2025 3:19 PM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശനം നിരോധിച്ച് കേന്ദ്ര സർക്കാർ.
ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ പാക്കിസ്ഥാൻ തുറമുഖങ്ങൾ സന്ദർശിക്കുന്നതിനും വിലക്കേർപ്പെടുത്തി. 1958 ലെ മർച്ചന്റ് ഷിപ്പിംഗ് ആക്ടിന്റെ സെക്ഷൻ 411 പ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയത്.
നേരത്തെ, സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിരുന്നു. പാക്കിസ്ഥാനിൽ ഉത്പാദിപ്പിക്കുന്നതോ ആ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചിരിക്കുന്നു.
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപര്യങ്ങൾക്കനുസരിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിരോധനത്തിന്മേൽ എന്തെങ്കിലും ഇളവ് ആവശ്യമായി വന്നാൽ ഇന്ത്യാ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്- വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.