അതിർത്തിയിൽ പാക്കിസ്ഥാന്റെ കനത്ത ഡ്രോൺ ആക്രമണം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
Thursday, May 8, 2025 10:28 PM IST
ന്യൂഡൽഹി: അതിർത്തിയിൽ പാക്കിസ്ഥാന്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. നിലവിൽ ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ പറന്നത്.
നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ ശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയതെന്ന് കരസേന വൃത്തങ്ങൾ പറയുന്നു. വ്യോമസേന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ അമൃത്സറിലും, ഹോഷിയാർപൂർ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിർത്തി മേഖലയിൽ ഡ്രോൺ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.