സുധാകരൻ പകരക്കാരനില്ലാത്ത നേതാവ്; പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കും: സണ്ണി ജോസഫ്
Friday, May 9, 2025 7:46 PM IST
കണ്ണൂർ: കെ.സുധാകരന് പകരക്കാരനാകാനാകാൻ ആർക്കുമാവില്ലെന്നും സുധാകരന് തുല്യൻ സുധാകരൻ മാത്രമാണെന്നും നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കെ.സുധാകരന്റെയും മുതിർന്ന നേതാക്കളുടെയും പിന്തുണയും ഉപദേശവും സ്വീകരിച്ച് കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഉന്നത വിജയത്തിലെത്തിക്കാനും ശ്രമിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസിപ്രസിഡന്റ് എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. എഐസിസി നേതൃത്വത്തിന്റെയും മുതിർന്ന നേതാക്കളുടെയും സഹപ്രവർത്തകരുടെയും തണലിൽ ആത്മാർഥമായി പ്രവർത്തിക്കും. എ.കെ.ആന്റണി മുതൽ മുതിർന്ന നിരവധി നേതാക്കൾ ഇതിനകം എന്നെ വിളിച്ച് അനുഗ്രഹം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണ എനിക്ക് കരുത്ത് നൽകുന്നു.
കെ.പി.നൂറുദ്ദീൻ, എൻ.രാമകൃഷ്ണൻ, കുഞ്ഞന്പു തുടങ്ങിയ മുൻകാല നേതാക്കളുടെ പിന്തുണയും അവരുടെ ഓർമകളും ഊർജമാണ്. ഡിസിസി പ്രസിഡന്റായിരുന്ന കാലത്ത് മുസ്ലിംലീഗ് നേതാവ് അബ്ദുൾ ഖാദർ മൗലവിയുമായി ജ്യേഷ്ഠസഹോദരനെ പോലെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഇന്നും ഓർക്കുന്നു.
യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിന്റെ നിയമനവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി യുവനേതാക്കളുടെ നിരയും മുതിർന്ന നേതാക്കളുടെ അനുഗ്രഹവും തന്റെ പ്രവർത്തനത്തിന് കരുത്ത് നൽകുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.