"പത്തുതവണ ക്ഷമചോദിക്കാൻ തയാർ': കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മാപ്പുപറഞ്ഞ് ബിജെപി മന്ത്രി
Wednesday, May 14, 2025 2:45 PM IST
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവും മധ്യപ്രദേശ് ഗോത്രക്ഷേമ വകുപ്പ് മന്ത്രിയുമായ വിജയ് ഷാ. തന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ ക്ഷമ ചോദിക്കാൻ തയാറാണെന്ന് വിജയ് ഷാ പ്രതികരിച്ചു.
"സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഉയർന്ന് ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല. എന്നിരുന്നാലും, എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമ ചോദിക്കാൻ തയാറാണ്.'- മന്ത്രി പറഞ്ഞു.
വിജയ് ഷാ ഒരു പൊതുസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. പഹൽഗാമിലെ ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും തമ്മിൽ ബന്ധിപ്പിച്ച് കേണൽ സോഫിയ ഖുറേഷിയെ പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം.
"നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവരോട് അവരുടെ സഹോദരിയെ അയച്ച് നമ്മൾ പ്രതികാരം ചെയ്തു. ഭീകരവാദികൾ നമ്മുടെ ഹൈന്ദവ സഹോദരങ്ങളെ കൊലപ്പെടുത്തി. അവരുടെ സഹോദരിയെ ആർമി വിമാനത്തിൽ അവരുടെ വീടുകളിൽ ചെന്ന് ആക്രമിക്കാൻ അയച്ചുകൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചു. അവർ നമ്മുടെ സഹോദരിമാരെ വിധവകളാക്കി, അതിനാൽ അവരെ ഒരു പാഠം പഠിപ്പിക്കാൻ മോദിജി അവരുടെ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു.' എന്നാണ് വിജയ് ഷാ പ്രസംഗിച്ചത്.
മന്ത്രിയുടെ പരാമർശങ്ങളിൽ കടുത്ത വിമർശനം പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഹൊതുസമൂഹത്തിൽ നിന്നും ഉയർന്നതിനു പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തിയത്.