കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസ്: വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച് എംഎൽഎ
Wednesday, May 14, 2025 2:59 PM IST
പത്തനംതിട്ട: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് സ്റ്റഡിയിലെടുത്തയാളെ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്.
ശനിയാഴ്ച കുളത്തു മണ്ണില്‍ സ്വകാര്യ തോട്ടത്തില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎൽഎ മോചിപ്പിച്ചത്. നിയമപരമല്ലാതെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു എംഎല്‍എയുടെ വാദം. കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ജനങ്ങള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സുഹൃത്തായ തമിഴ്നാട് സ്വദേശിയായ വാസുവിനെയാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. ഇതറിഞ്ഞാണ് എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും ഇവിടെ എത്തിയത്.