മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവം; പ്രതി പിടിയിൽ
Wednesday, May 14, 2025 3:26 PM IST
കോഴിക്കോട്: താമരശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. താമരശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയുടെ ഭർത്താവ് നൗഷാദാണ് പിടിയിലായത്. ഭര്‍തൃപീഡനം, മര്‍ദനം, വധശ്രമം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഭർത്താവിന്റെ ക്രൂരമർദനം സഹിക്കവയ്യാതെ നസ്ജയും എട്ടുവയസുകാരിയായ മകളും ഓടിരക്ഷപെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10ന് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുട്ടിയുമായി വീടുവിട്ടോടിയത്.
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് തലയിൽ ക്രൂരമായി മർദിച്ചുവെന്നും കൊലപ്പെടുത്താനായി വീടിന് ചുറ്റും വാളുമായി ഓടിച്ചെന്നും യുവതി പറഞ്ഞു. വീടുവിട്ടിറങ്ങി ജീവനൊടുക്കാൻ ഒരുങ്ങിയ യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.