വനംവകുപ്പ് 11 പേരെ കസ്റ്റഡിയിലെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെ; കെ.യു.ജനീഷ് കുമാര്‍
Wednesday, May 14, 2025 3:44 PM IST
പത്തനംതിട്ട: കോന്നിയിൽ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലംപ്രയോഗിച്ച് മോചിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ. ആന ചെരിഞ്ഞതിന്റെ പേരിൽ വനംവകുപ്പ് ജനങ്ങളുടെ സമാധാനം തകർക്കുന്നു. വനംവകുപ്പ് 11 പേരെ കസ്റ്റഡിയിലെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും എംഎൽഎ പ്രതികരിച്ചു.
കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ വനം വകുപ്പ് പ്രദേശത്തെ ജനങ്ങളെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണ്. താൻ അവിടെ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ്.
നാട്ടുകാരെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയാണ് വനംവകുപ്പ് ചെയ്തത്. നിരപരാധികളായ അവരെ എങ്ങനെയെങ്കിലും പ്രതികളാക്കി കുറ്റം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ വിഷയത്തിൽ ഇടപെട്ടത്. നക്സലുകൾ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും പറഞ്ഞത് അപ്പോഴത്തെ രോഷത്തിൽ സംഭവിച്ചതാണെന്നും എംഎൽഎ വിശദീകരിച്ചു.