ജൂണിയര്‍ അഭിഭാഷകയ്ക്ക് മർദനം; അഡ്വ. ബെയ്ലിൻ ദാസിനെതിരെ നടപടിക്ക് ബാർ കൗൺസിൽ
Wednesday, May 14, 2025 3:56 PM IST
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂണിയര്‍ അഭിഭാഷകയെ മർദിച്ച കേസിൽ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസിനെതിരേ നടപടിയുമായി ബാര്‍ കൗണ്‍സിൽ. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും.
ബെയ്ലിൻ ദാസിനെതിരെ പരാതിക്കാരി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. നടപടി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ വൈകുന്നേരം നാലിന് ബാര്‍ കൗണ്‍സിൽ ഓണ്‍ലൈനായി യോഗം ചേരും. നേരത്തെ ഇയാളെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കേസെടുത്തതിനു പിന്നാലെ ബെയ്ലിൻ ദാസ് ഒളിവിലാണെന്നാണ് വഞ്ചിയൂർ പോലീസ് അറിയിച്ചത്. ഇയാൾ മുൻകൂർ ജാമ്യം നേടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
മുഖത്തു ക്രൂരമായി മർദനമേറ്റു വഞ്ചിയൂർ കോടതിയ്ക്കു സമീപമുള്ള ഓഫീസിൽ കുഴഞ്ഞു വീണ അഭിഭാഷക പാറശാല കരുമാനൂർ കോട്ടുവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി ജസ്റ്റിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മർദനത്തെത്തുടർന്നു മുഖത്തു നേരിയ പൊട്ടലേറ്റ ശ്യാമിലിയെ വിദഗ്ധ ചികിത്സയ്ക്കായി വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നോടെ വഞ്ചിയൂർ കോടതിയ്ക്കു സമീപമുള്ള ബെയ്ലിൻ ദാസിന്റെ ഓഫീസിലായിരുന്നു സംഭവം. ഇയാളുടെ ഓഫീസിലെ ജൂണിയറായിരുന്നു ശ്യാമിലി. കഴിഞ്ഞയാഴ്ച ജോലിയിൽ നിന്നു നീക്കിയ ശ്യാമിലിയെ തിരികെവിളിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. തന്നെ ജോലിയിൽ നിന്നു മാറ്റാനുള്ള കാരണം ചോദിച്ചപ്പോഴാണ് ക്രൂരമായി മർദിച്ചതെന്ന് യുവതി പോലീസിൽ മൊഴി നൽകി.
കണ്ണിനും താടിയെല്ലിനും മർദനമേറ്റു. നിലത്തുവീണിട്ടും മർദിച്ചെന്നാണ് യുവതി വ്യക്തമാക്കിയത്. യുവതിയുടെ പരാതിയെത്തുടർന്ന് ഇന്നലെ വഞ്ചിയൂർ കോടതിയിൽ വച്ച് അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനെ ഏതാനും അഭിഭാഷകർ തടഞ്ഞിരുന്നു. ഇതിനിടെ അഭിഭാഷകൻ ബെയ്ലിൻ ദാസ് രക്ഷപ്പെട്ടിരുന്നു. ഇയാളെ ബാർ അസോസിയേഷനിൽനിന്നു സസ്പെൻഡ് ചെയ്തതായി ഭാരവാഹികൾ വ്യക്തമാക്കി.
ഗർഭിണി ആയിരുന്നപ്പോഴും മർദിച്ചു
അതേസമയം ബെയ്ലിൻ ദാസിനെതിരേ ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അഞ്ചു മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു