യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Thursday, May 15, 2025 2:58 PM IST
കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജി ആണ് നടപടിയെടുത്തത്. സംഭവത്തിൽ മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. പോലീസ് അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തുറവൂര്‍ സ്വദേശി ഐവിന് ജിജോ (24) യുടെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പിന്നാലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ബുധനാഴ്ച രാത്രിയാണ് സംഭവം. കാറില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.
വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെ ഐവിന് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഓടിച്ച കാറിന് മുന്നില്‍ കയറി നിന്നു. ഇത് കണക്കാക്കാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് കാര്‍ മുന്നോട്ടെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാര്‍ ഇടിച്ച് ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു. തുടര്‍ന്ന് താഴേക്ക് വീണ് ഐവിന് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലെ ഷെഫാണ് ഐവിന്. ജോലി കഴിഞ്ഞ് രാത്രിയില്‍ തിരികെ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.