ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വിവാദ പരാമർശം; അശോക സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ
Sunday, May 18, 2025 2:50 PM IST
ചണ്ഡീഗഡ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തെ തുടർന്ന് ഹരിയാനയിലെ അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ അറസ്റ്റിൽ.
പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. യുവമോർച്ച നേതാവിന്റെ പരാതിയിലാണ് നടപടി. സോണിപത്തിലെ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗം മേധാവിയാണ് അറസ്റ്റിലായ പ്രഫസർ.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള അസോസിയേറ്റ് പ്രഫസറുടെ വിവാദ പരാമർശത്തിന്റെ പേരിൽ ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ നോട്ടീസ് അയച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.
"ഈ രാജ്യത്തിന്റെ പെൺമക്കളെ - കേണൽ സോഫിയ ഖുറേഷിയെയും വിംഗ് കമാൻഡർ വ്യോമിക സിംഗിനെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. പക്ഷേ, പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന പ്രഫസർ ഉപയോഗിച്ച വാക്കുകൾ... അദ്ദേഹം ഇന്ന് കമ്മീഷന് മുമ്പാകെ ഹാജരായി ഖേദം പ്രകടിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു'.- കമ്മീഷൻ ചെയർപേഴ്സൺ രേണു ഭാട്ടിയ പറഞ്ഞു.
മഹ്മൂദാബാദിന്റെ പരാമർശങ്ങളുടെ പ്രാഥമിക അവലോകനത്തിൽ, കേണൽ ഖുറേഷി, വിംഗ് കമാൻഡർ സിംഗ് എന്നിവരുൾപ്പെടെ യൂണിഫോമിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതും ഇന്ത്യൻ സായുധ സേനയിലെ പ്രഫഷണൽ ഓഫീസർമാർ എന്ന നിലയിലുള്ള അവരുടെ പങ്കിനെ ദുർബലപ്പെടുത്തുന്നതും സംബന്ധിച്ച ആശങ്കകൾ ഉയർന്നിട്ടുണ്ടെന്ന് കമ്മീഷൻ പറഞ്ഞു.