റോഡ് അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടം; നാലുപേർ മരിച്ചു
Sunday, May 18, 2025 2:56 PM IST
ജയ്പുർ: രാജസ്ഥാനിലെ ദുൻഗർപൂർ ജില്ലയിൽ റോഡപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. എട്ടുപേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി 11.30 ഓടെ സബ്ല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി, പിണ്ഡാവൽ ഹിലാവാഡി ബസ് സ്റ്റാൻഡിന് സമീപം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് റോഡിൽ നിന്ന് തെന്നിമാറി. ഇതേതുടർന്ന് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റു.
അപകടസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി. പരിക്കേറ്റവരെ ആംബുലൻസിൽ മാറ്റുന്നതിനിടെ, അമിതവേഗതയിൽ വന്ന ഒരു ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു വൈദ്യുതി തൂണിൽ ഇടിച്ചു. തുടർന്ന് റോഡിലുണ്ടായിരുന്ന ചിലരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റവരെ ദുൻഗർപൂരിലെ സാഗ്വാരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ലുവ്ജി പതിദാർ, ദയാലാൽ പതിദാർ, സവിത പതിദാർ, ഭവേഷ് പട്ടീദാർ എന്നിവരാണ് മരിച്ചത്.