പഞ്ചാബിന്റെ പഞ്ച്; രാജസ്ഥാന് തോൽവി
Sunday, May 18, 2025 7:56 PM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് പത്തു റൺസിന്റെ ജയം. സ്കോർ: പഞ്ചാബ് 219/5 രാജസ്ഥാൻ 209/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു.
രാജസ്ഥാന്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിച്ചു. തകർച്ചയോടെയാണ് പഞ്ചാബ് ബാറ്റിംഗ് തുടങ്ങിയത്. പ്രിയാൻഷ് ആര്യ (ഒമ്പത്), പ്രഭ്സിമ്രാൻ സിംഗ് (21), മിച്ചൽ ഓവൻ (പൂജ്യം) എന്നിവർ മടങ്ങിയപ്പോൾ പഞ്ചാബിന് നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ്.
പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ (30), നേഹൽ വധേര (70), ശശാങ്ക് സിംഗ് (59) എന്നിവരുടെ പോരാട്ടമാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രാജസ്ഥാൻ റോയൽസിനായി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

220 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വൈഭവ് (40) ജയ്സ്വാള്‍ (50) സഖ്യം 76 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഹര്‍പ്രീതിന്റെ പന്തില്‍ വൈഭവ് മടങ്ങി.
നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ഇതിനിടെ ജയ്സ്വാളും ഹര്‍പ്രീതിന് ക്യാച്ച് നല്കി. ഓപ്പണര്‍മാര്‍ നല്കിയ തുടക്കം മധ്യനിരയ്ക്ക് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് സഞ്ജുവിനും കൂട്ടർക്കും തിരിച്ചടിയായത്.
സഞ്ജു (20) പരാഗ് (13) റൺസും നേടി. 31 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 53 റൺസുമായി ധ്രുവ് ജുറേൽ പൊരുതി നോക്കിയെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ശുഭം ദുബെ (ഏഴ്), ക്വേന മഫാക്ക (എട്ട്) പുറത്താവാതെ നിന്നു.
പഞ്ചാബിനായി ഹർപ്രീത് ബ്രാർ മൂന്നും മാർകോ ജാൻസൻ, അസ്മത്തുള്ള ഒമർസായി എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഹർപ്രീത് ബ്രാറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.